Friday, February 19, 2010

പതിനെട്ട്‌ വര്‍ഷമായി നാട്ടില്‍ പോവാന്‍ തയ്യാറാവാതെ മണലൂര്‍ സ്വദേശി

അല്‍ ഐന്‍: പതിനെട്ട്‌ വര്‍ഷത്തോളമായി അല്‍ ഐനില്‍ ജോലി ചെയ്യുന്ന മലയാളി നാട്ടില്‍ പോവാന്‍ തയ്യാറാവാത്തത്‌ സുഹൃത്തുക്കളെ വിഷമിപ്പിക്കുന്നു. 1993ല്‍ അല്‍ ഐനിലെ ഒരു ഗാരേജില്‍ ജോലിക്ക്‌ ചേര്‍ന്ന തൃശൂറ്‍ മണലൂറ്‍ സ്വദേശി കാരയില്‍ ഷാജു (41) വന്നിട്ട്‌ ഇതുവരെ നാട്ടിലേക്ക്‌ പോയിട്ടില്ല. തൊഴിലുടമയും സുഹൃത്തുക്കളും നിര്‍ബന്ധിച്ചെങ്കിലും നാട്ടിലേക്കില്ലെന്ന വാശിയിലാണ്‌ ഇദ്ദേഹം. കടുത്ത ചുമയും മറ്റ്‌ അസുഖങ്ങളും മൂലം ക്ഷീണിതനാണ്‌ ഷാജു.
തൃശൂറ്‍ മണലൂറ്‍ കാരയില്‍ കരുണാകരണ്റ്റെയും ജാനകിയുടെയും മകനായ ഷാജു ഇടക്കിടക്ക്‌ നാട്ടിലേക്ക്‌ വിളിക്കാറുണ്ടെന്നും പണമയക്കാറുണ്ടെന്നും സുഹൃത്തുക്കളായ തിരുവനന്തപുരം സ്വദേശി കുമാറും കൊല്ലം സ്വദേശി ജോസഫും പറയുന്നു. കുടുംബ കാര്യങ്ങളും മറ്റും പങ്ക്‌ വെക്കുന്നതില്‍ വിമുഖനാണത്രെ ഷാജു. പലതവണ നാട്ടിലേക്ക്‌ പോവുന്നതിനെക്കുറിച്ച്‌ പറഞ്ഞെങ്കിലും അസ്വസ്ഥനായി സംസാരം അവസാനിപ്പിക്കും. കുറച്ച്‌ കാലമായി സുഹൃത്തുക്കള്‍ ഇക്കാര്യം പറയാറില്ല.
ഗള്‍ഫിലേക്ക്‌ വരുന്നതിന്‌ മുന്‍പ്‌ രണ്ട്‌ വര്‍ഷത്തോളം ഗുജറാത്തിലും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ടത്രെ. അല്‍ ഐന്‍ സനാഇയ്യയില്‍ ഉണ്ടായിരുന്ന ഐസ്‌ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ബന്ധുവാണ്‌ ഷാജുവിന്‌ സനാഇയ്യയില്‍ തന്നെയുള്ള അല്‍ ഖയ്യൂം ഗാരേജില്‍ വിസ സംഘടിപ്പിച്ച്‌ നല്‍കിയത്‌. എന്നാല്‍ ഇപ്പോള്‍ ഷാജുവിണ്റ്റെ ബന്ധുക്കളാരും യു.എ.ഇ യിലില്ലെന്നാണ്‌ പറയപ്പെടുന്നത്‌.
ഏകദേശം അഞ്ച്‌ വര്‍ഷം മുമ്പ്‌ ദുബായിലുള്ള ഷാജുവിണ്റ്റെ അയല്‍ വാസിയെ സുഹൃത്തുക്കള്‍ അറിയിച്ചതനുസരിച്ച്‌ അദ്ദേഹം അവധിയെടുത്ത്‌ ഷാജുവിനുള്ള വിമാന ടിക്കറ്റെടുത്ത്‌ അല്‍ ഐനിലെത്തിയെങ്കിലും നാട്ടിലേക്ക്‌ തിരിക്കാന്‍ തയ്യാറായില്ല. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരുപ്പുമില്ല. കൂടെ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി ജോസഫ്‌ പറയുന്നു.
കുറച്ച്‌ ദിവസങ്ങളായി ഷാജുവിണ്റ്റെ ആരോഗ്യസ്ഥിതി ദുര്‍ബലമാണ്‌. ഇതറിഞ്ഞ്‌ ഗാരേജ്‌ ഉടമയും ഫോര്‍മാന്‍ മുഹമ്മദ്‌ മഹമൂദ്‌ അലി (ഹൈദറാബാദ്‌) ഇദ്ദേഹത്തോട്‌ നാട്ടിലേക്ക്‌ തിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറാവുന്നില്ല. ഈ മാസം മുതല്‍ ജോലിക്ക്‌ വരേണ്ടെന്ന്‌ പറഞ്ഞ്‌ ഉടമ ടിക്കറ്റെടുക്കാനുള്ള പണവും ഒരു മാസത്തെ ശമ്പളവും നല്‍കിയെങ്കിലും അദ്ദേഹം താമസ സ്ഥലത്തിരിക്കുകയാണ്‌.
കടുത്ത ആസ്തമയും മറ്റും കൊണ്ട്‌ ശോഷിച്ച ശരീരവുമായി താമസ സ്ഥലത്ത്‌ കഴിയുന്ന അദ്ദേഹം നാട്ടിലേക്കെത്തിച്ചാല്‍ ആവശ്യമായ ചികിത്സ നല്‍കി ആരോഗ്യം വീണ്ടെ ടുക്കാന്‍ കഴിയുമെന്നാണ്‌ സുഹൃത്തുക്കളുടെ പ്രതീക്ഷ.

No comments:

Visitors