Monday, February 22, 2010

അല്‍ ഐന്‍ നഗരസഭയുടെ ചലിക്കുന്ന ഓഫീസ്‌ പ്രവര്‍ത്തനം തുടങ്ങി.

അല്‍ ഐന്‍ : പൊതു സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിണ്റ്റെ ഭാഗമായി അല്‍ ഐന്‍ നഗരസഭ ചലിക്കുന്ന ഓഫീസ്‌ പ്രവര്‍ത്തനമാരംഭിച്ചു. പൊതുജനങ്ങള്‍ക്ക്‌ വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്‌ വേണ്ടി ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം അല്‍ ഐന്‍ നഗരസഭാ ഡയറക്ടര്‍ ഡോ. മുഹമ്മദ്‌ മതാര്‍ അല്‍ നുഐമി നിര്‍വ്വഹിച്ചു.
പ്രായം ചെന്നവര്‍ക്കും വികലാംഗര്‍ക്കും വിധവകള്‍ക്കുമാണ്‌ പദ്ധതിയുടെ പ്രയോജനം മുഖ്യമായും ഉദ്ദേശിക്കുന്നത്‌. പരീക്ഷണാര്‍ഥം തുടങ്ങിയിരിക്കുന്ന ഈ സേവനം ജനപ്രീതിക്കനുസരിച്ച്‌ അല്‍ ഐനിണ്റ്റെ വിവിധ ഭാഗങ്ങളിലേക്ക്‌ വ്യാപിപ്പിക്കുവാനാണ്‌ അധികൃതര്‍ ലക്ഷ്യമിടുന്നത്‌.
തുടക്കത്തില്‍ കെട്ടിടയുടമകള്‍ക്കും താമസക്കാര്‍ക്കും ആവശ്യമായ സേവനങ്ങള്‍ പ്രത്യേക വാഹനത്തില്‍ സജ്ജമാക്കിയ ഓഫീസില്‍ ലഭ്യമാണ്‌. കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി, കെട്ടിടയുടമകളും താമസക്കാരും തമ്മിലുള്ള കോണ്ട്രാക്ടുകള്‍ പുതുക്കുന്നതിനും റദ്ദു ചെയ്യുന്നതിനുമുള്ള സൌകര്യം, വില്ലകളിലേക്കുള്ള പാതക്കും വേഗതാ നിയന്ത്രണത്തിനുള്ള ഹമ്പുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതിയും ഇത്‌ വഴി നേടാന്‍ കഴിയും. നഗരസഭാ കാര്യാലയവുമായി ഇണ്റ്റര്‍നെറ്റ്‌ വഴി ബന്ധിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടര്‍, സ്കാനര്‍, പ്രിണ്റ്റര്‍ എന്നീ സൌകര്യങ്ങള്‍ വാഹനത്തില്‍ സംവിധാനിച്ചിട്ടുണ്ട്‌.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ സേവനങ്ങള്‍ ഇത്‌ വഴി ലഭ്യമാവും. ഭൂമിയുടെ ഉടമസ്ഥാവകാശ ആധാരം പരിശോധിക്കുന്നതിനും, കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ ടെലഫോണ്‍-വൈദ്യതി സൌകര്യങ്ങള്‍ നേടുന്നതിനുള്ള അനുമതിയും, കെട്ടിടങ്ങള്‍ പുതുക്കി പണിയുന്നതിനും പൊളിക്കുന്നതിനുമുള്ള അനുമതിയും അടുത്ത ഘട്ടത്തില്‍ സൌകര്യപ്പെടുത്തും.
സേവനം ആവശ്യമുള്ളവര്‍ നഗരസഭാ കാര്യാലയവുമായി ബന്ധപ്പെട്ടാല്‍ പതിനഞ്ച്‌ മിനുട്ടിനകം വാഹനം സ്ഥലത്തെത്തുമെന്ന്‌ പദ്ധതികള്‍ വിശദീകരിച്ച്‌ എക്സി. ഡയറക്ടര്‍ എഞ്ചി. മുഹമ്മദ്‌ മുബാറക്‌ പറഞ്ഞു.

No comments:

Visitors