Tuesday, February 2, 2010

അല്‍ ഐന്‍ എയര്‍ ഷോ സമാപിച്ചു

ഈ വര്‍ഷത്തെ അല്‍ ഐന്‍ അന്താരാഷ്ട്ര വ്യോമാഭ്യാസ പ്രകടനങ്ങള്‍ക്ക്‌ ഉജ്ജ്വല സമാപ്തി. വാരാന്ത്യ അവധി ദിനങ്ങള്‍ വ്യോമ പ്രദര്‍ശന സ്ഥലത്തും അല്‍ ഐനിലെ വിവിധ വിനോദ സഞ്ചാരങ്ങളിലും ചെലവഴിക്കാന്‍ ലക്ഷക്കണക്കിന്‌ പേരാണ്‌ യു.എ.ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും അല്‍ ഐനിലേക്ക്‌ എത്തിയത്‌. വാന്‍ അഭ്യാസ പ്രകടനങ്ങള്‍ക്ക്‌ വേദിയൊരുക്കി അല്‍ ഐന്‍ വിമാനത്താവളവും അബൂദാബി വിനോദ സഞ്ചാര വകുപ്പും സന്ദര്‍ശകരെ അല്‍ ഐനിലേക്ക്‌ ആകര്‍ഷിച്ചു.
സൈനിക-സൈനികേതര വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങള്‍ കൊണ്ട്‌ പ്രശസ്തമായ അല്‍ ഐന്‍ വ്യോമാഭ്യാസ പ്രദര്‍ശനം, ഈ വര്‍ഷത്തെ അന്താരാഷ്ട്ര പ്രദര്‍ശനങ്ങളില്‍ ആദ്യത്തേതാണ്‌. 15 രാഷ്ടങ്ങളില്‍ നിന്നായി 23 അന്താരാഷ്ട്ര വൈമാനിക സംഘങ്ങളാണ്‌ ഇപ്രാവശ്യത്തെ പ്രദര്‍ശനത്തില്‍ പങ്കെടുത്തത്‌. പുതിയ പരീക്ഷണങ്ങളും, റെക്കോഡുകളും സമ്മാനിച്ച പ്രദര്‍ശനത്തില്‍ മത്സരയിനങ്ങളുമുണ്ടായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ സംഘമായ ഗുഡ്‌ ഇയര്‍ ഈഗ്ള്‌ അവതരിപ്പിച്ച പാരച്യൂട്ട്‌ അഭ്യാസങ്ങള്‍ ലോകത്തിലാദ്യമായി അല്‍ ഐനിലാണ്‌ പ്രദര്‍ശിപ്പിച്ചത്‌. മൂന്ന്‌ പാരച്യൂട്ട്‌ വാഹകര്‍ പറന്നു കൊണ്ടിരിക്കുന്ന വിമാനങ്ങളില്‍ നിന്ന്‌ ഒരേസമയം താഴേക്ക്‌ ചാടി നിലത്തെത്തിയത്‌ കാണികളെസമ്മര്‍ദ്ദത്തിലാക്കി. ഇംഗ്ളണ്ടില്‍ നിന്നുള്ള ടീം വൈപര്‍, ബഹ്‌റൈന്‍ റോയല്‍ വ്യോമസേന, വിവിധ വര്‍ണ്ണങ്ങളില്‍ അലങ്കരിച്ച 'മിസ്‌ ഡിമെനോര്‍' പോര്‍ വിമാനം തുടങ്ങിയവര്‍ ഈ വര്‍ഷം പ്രദര്‍ശനത്തിന്‌ പുതുതായെത്തി. അഞ്ച്‌ പുതിയ ഇനങ്ങളുള്‍പ്പെടെ ഇരുപത്‌ പ്രദര്‍ശനയിനങ്ങളുമായാണ്‌ സൌദി ഹൌക്സ്‌ ആറാം തവണയും അല്‍ ഐനിലെത്തിയത്‌.
അബൂദാബി കിരീടാവകാശിയും, യു.എ.ഇ സായുധ സേന ഉപമേധാവിയുമായ ശൈഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ്‌ അല്‍ നഹ്‌യാണ്റ്റെ രക്ഷാ കര്‍തൃത്വത്തില്‍ അബൂദാബി വിനോദ സഞ്ചാര വകുപ്പ്‌, അബൂദാബി സായുധ സേന, അബൂദാബി വിമാനത്താവള കമ്പനി എന്നിവര്‍ സംയുകതമായാണ്‌ ഏഴാമത്‌ അല്‍ ഐന്‍ വ്യോമാഭ്യാസ പ്രദര്‍ശനം സംഘടിപ്പിച്ചത്‌.

No comments:

Visitors