Sunday, January 17, 2010

അല്‍ ഐന്‍ വ്യോമാഭ്യാസ പ്രദര്‍ശനം; പുത്തന്‍ അഭ്യാസ പ്രകടനങ്ങളുമായി സൌദി ഹൌക്സ്‌



അല്‍ ഐന്‍: സൈനിക-സൈനികേതര വ്യോമാഭ്യാസ പ്രകടനങ്ങള്‍കൊണ്ട്‌ ശ്രദ്ധേയമായ അല്‍ ഐന്‍ വ്യോമാഭ്യാസ പ്രദര്‍ശനത്തില്‍ ഈ വര്‍ഷവും സൌദി ഹൌക്സ്‌ എന്നറിയപ്പെടുന്ന റോയല്‍ സൌദി വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങള്‍ കാണികള്‍ക്ക്‌ വിസ്മയമാവും. കഴിഞ്ഞ ഏഴ്‌ വര്‍ഷമായി അല്‍ ഐന്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന സൌദി വൈമാനികര്‍, ഇരുപത്തിനാലിലധികം വ്യത്യസ്ത അഭ്യാസ പ്രകടനങ്ങളാണ്‌ ആസൂത്രണം ചെയ്തിട്ടുള്ളത്‌.
സൌദി അറേബ്യയുടെ ദേശീയ ചിഹ്നമായ ഈന്തപ്പനയും രണ്ട്‌ വാളും മാനത്ത്‌ വരച്ചാണ്‌ സൌദി ഹൌക്സ്‌ വേറിട്ടു നില്‍ക്കുന്നത്‌. ഇത്തരം അഭ്യാസ പ്രകടനം നടത്തുന്ന ലോകത്തിലെ ഏക സംഘവും സൌദിയുടേതാണ്‌.
ലോകോത്തര നിലവാരത്തിലുള്ള വിമാനങ്ങളും വൈദഗ്ദ്യം നേടിയ വൈമാനികരെയും കൊണ്ട്‌ സമ്പന്നമായ സൌദി ഹൌക്സ്‌ സൌദി അറേബ്യയുടെ തെക്ക്‌ പടിഞ്ഞാറന്‍ അതിര്‍ത്തി നഗരമായ തബൂക്കിലെ സൈനികത്താവളം കേന്ദ്രീകരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌.
പതിനഞ്ചിലധികം രാഷ്ട്രങ്ങളില്‍ നിന്നുള്ള വ്യോമാഭ്യാസ സംഘങ്ങള്‍ പങ്കെടുക്കുന്ന അല്‍ ഐന്‍ വ്യോമാഭ്യാസ പ്രദര്‍ശനത്തിള്‍ വര്‍ഷം തോറും അനവധി റെക്കോഡുകള്‍ സ്ഥാപിക്കാറുണ്ട്‌. ജനുവരി 27 മുതല്‍ നാല്‌ ദിവസം നീണ്ട്‌ നില്‍ക്കുന്ന പ്രദര്‍ശനത്തിന്‌ വന്‍ജനാവലിയെയാണ്‌ അധികൃതര്‍ പ്രതീക്ഷിക്കുന്നത്‌

No comments:

Visitors