Wednesday, January 13, 2010

അല്‍ ഐന്‍ വ്യോമഭ്യാസ പ്രദര്‍ശനം ജനുവരി 27 മുതല്‍


എട്ടാമത്‌ അല്‍ ഐന്‍ വ്യോമഭ്യാസ പ്രദര്‍ശനം ജനുവരി 27 മുതല്‍ അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അരങ്ങേറും. നാല്‌ ദിവസം തുടരുന്ന പ്രദര്‍ശനത്തില്‍ ലോക പ്രശസ്തരായ വൈമാനികരുടെ അഭ്യാസ പ്രകടനങ്ങളും മത്സരങ്ങളും ഉണ്ടായിരുക്കും.
സൈനികവും, സൈനികേതരവുമായ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള വ്യോമാഭ്യാസ മത്സരങ്ങള്‍ക്ക്‌ വേദിയാകുന്ന ലോകത്തിലെ ഏക വ്യോമാഭ്യാസ പ്രദര്‍ശനമാണ്‌ അല്‍ ഐനിലേത്‌. ഒന്നര ലക്ഷത്തോളം കാണികളാണ്‌ കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയത്‌. ഈ വര്‍ഷവും വന്‍ജനപങ്കാളിത്തമാണ്‌ അധികൃതര്‍ പ്രതീക്ഷിക്കുന്നത്‌.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കാണികള്‍ക്ക്‌ ഹരം പകര്‍ന്ന ഏരോ ജി.പി മത്സരങ്ങള്‍ക്ക്‌ പുറമെ, പുതിയ മത്സരങ്ങളും അഭ്യാസപ്രകടനങ്ങളും ഇപ്രാവശ്യം പ്രദര്‍ശനത്തിലുണ്ടെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. ഒരേസമയം, ആറ്‌ വിമാനങ്ങള്‍ പറന്ന്‌ മികച്ച സമയത്ത്‌ ലക്ഷ്യത്തിലെത്തുന്ന വിധത്തിലുള്ള മത്സരങ്ങള്‍ വൈമാനികരുടെ കഴിവുകള്‍ അളക്കുന്നതാണ്‌. പ്രശസ്തരായ സൌത്താഫ്രിക്കന്‍ വിസാര്‍ഡ്സ്‌, ബ്രെറ്റ്ലിംഗ്‌ ജെറ്റ്‌ തുടങ്ങിയ വൈമാനിക സംഘങ്ങളും, വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദഗ്ദ വൈമാനികരും പ്രദര്‍ശനത്തിനെത്തുന്നുണ്ട്‌.
ഇറ്റലിയില്‍ നിന്നുള്ള വെഫ്ളി സംഘത്തിണ്റ്റെ മേഖലയിലെ ആദ്യ പ്രദര്‍ശനവും അല്‍ ഐനിലാണ്‌. അംഗവൈകല്യമുള്ള വൈമാനികരാണ്‌ ഈ വ്യോമാഭ്യാസ സംഘത്തിലുള്ളതെന്നതാണ്‌ പ്രത്യേകത.
അബൂദാബി കിരീടാവകാശി ശൈഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ്‌ അല്‍ നഹ്‌യാണ്റ്റെ രക്ഷാ കര്‍തൃത്വത്തില്‍ നടക്കുന്ന പ്രദര്‍ശനം അബൂദാബി വിനോദ സഞ്ചാര വകുപ്പിണ്റ്റെയും അബൂദബി വിമാനത്താവള കമ്പനിയും സംയുക്തമായാണ്‌ സംഘടിപ്പിക്കുന്നത്‌.

No comments:

Visitors