Friday, June 27, 2008

ഭക്ഷ്യോല്‍പന്നങ്ങളുടെ വിലക്കയറ്‍റം; നിര്‍ദ്ദേശങ്ങളുമായി പഠന റിപ്പോര്‍ട്ട്

യു.എ.ഇ.യില്‍ അനിയന്ത്രിതമായി തുടരുന്ന വിലക്കയറ്‍റം തടയുന്നതിന് ഭക്ഷ്യവസ്തുക്കളടക്കമുള്ള അവശ്യസാധനങ്ങള്‍ ചില പ്രത്യേക രാജ്യങ്ങളില്‍ നിന്ന് മാത്രം ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിച്ച് അനവധി രാജ്യങ്ങളില്‍ നിന്നുള്ള വിഭവ ശേഖരണം ഊര്‍ജ്ജിതമാക്കണമെന്ന് അബൂദബി ധനകാര്യ വികസന സമിതി നിര്‍ദ്ദേശിച്ചു. ഇതു സംബന്ധിച്ച് നടത്തിയ പഠനങ്ങളെത്തുടര്‍ന്നാണ് നിര്‍ദ്ദേശം.

ലോക വ്യാപകമായി അനുഭവിക്കുന്ന ഭക്ഷ്യക്ഷാമത്തിന് കൂടുതലും ഇരയാവുന്നത് യു.എ.ഇ പോലെയുള്ള ഉപഭോക്തൃ രാഷ്ട്രങ്ങളാണ്. അവശ്യവസ്തുക്കള്‍ക്ക് മുപ്പത് മുതല്‍ അറുപത് ശതമാനം വരെയാണ് അടുത്തിടെയായി രാജ്യത്ത് വില കൂടിയത്. വേണ്ടത്ര കൃഷിയിടങ്ങളോ, അതിനുള്ള സാഹചര്യങ്ങളോ ഇല്ലാത്ത യു.എ.ഇയെ സംബന്ധിച്ചിടത്തോളം, ആസൂത്രിതമായി ഭക്ഷ്യ വസ്തുക്കള്‍ ശേഖരിച്ച് വെക്കാനുള്ള സാഹചര്യങ്ങള്‍ വിപുലപ്പെടുത്തേണ്ടതുണ്ട്.

കൂടാതെ, ഭക്ഷ്യ ഇറക്കുമതിക്ക് ചില രാജ്യങ്ങളെ മാത്രം ആശ്രയിക്കുന്നത്, വിവിധ സാഹചര്യങ്ങള്‍ മൂലം ആ രാജ്യങ്ങളില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ യു.എ.ഇയെ സാരമായി ബാധിക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

യു.എ.ഇ യില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന ക്ഷീരോല്‍പന്നങ്ങള്‍, പഞ്ചസാര, മാംസം, അരി, ചായ, കാപ്പി, ഭക്ഷ്യ എണ്ണകള്‍, ധാന്യപ്പൊടികള്‍ തുടങ്ങിയ പ്രധാന വസ്തുക്കളെയാണ് സമിതി പഠന വിധേയമാക്കിയത്. ഇത്തരം അവശ്യസാധനങ്ങള്‍ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് അഞ്ച് രാജ്യങ്ങളില്‍ നിന്ന് മാത്രമാണെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2006ല്‍ 2.3 ബില്ല്യണ്‍ ദിര്‍ഹത്തിനുള്ള പഞ്ചസാര യു.എ.ഇയില്‍ ഇറക്കുമതി ചെയ്തതില്‍ 73ശതമാനവും ബ്രസീലില്‍ നിന്നുള്ളതായിരുന്നു. ബാക്കി വരുന്നത് ജര്‍മ്മനിയില്‍ നിന്നും മറ്‍റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമായിരുന്നു. മാംസോല്‍പങ്ങളില്‍ 55 ശതമാനവും ബ്രസീലില്‍ നിന്നും, ബാക്കി ഇന്ത്യ, ആസ്ത്രേലിയ, സോമാലിയ എന്നീ രാജ്യങ്ങളില്‍ നിന്നുമായിരുന്നു. രാജ്യത്തെ അരിയുടെ വരവ് 91ശതമാനവും ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും മാത്രമായിരുന്നു. 1.4ബില്ല്യണ് ദിര്‍ഹം മൂല്യമുള്ള അരിയാണ് 2006ല്‍ ഇറക്കുമതി ചെയ്തത്.

ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്, ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് ചില രാജ്യങ്ങളെ മാത്രം ആശ്രയിക്കുന്നത് രാജ്യത്തിന് ഗുണകരമല്ലെന്നാണ്. കൂടുതല്‍ രാജ്യങ്ങളുമായി വ്യാപാര ബന്ധം സ്ഥാപിച്ച് ഭക്ഷ്യ ഇറക്കുമതിക്ക് ആക്കം കൂട്ടണമെന്ന് സമിതി നിര്‍ദ്ദേശിക്കുന്നു. തദ്ദേശീയമായി ഉല്‍പാദിപ്പിച്ച് സ്വയം പര്യാപത നേടുക എതായിരുന്നു സമിതിയുടെ മുന്നില്‍ വന്ന ഒരു പോം വഴി. എന്നാല്‍ രാജ്യത്തിന്‍റെ കാലാവസ്ഥയും മറ്‍റും അത്തരം ലക്ഷ്യം നേടുന്നത് വളരെ വൈകിക്കും. ഭക്ഷ്യോല്‍പങ്ങളില്‍ വര്‍ധിച്ച തോതില്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ തുടര്‍ച്ചയായി ഇറക്കുമതി ചെയ്തത് ശേഖരിക്കുക എന്നുള്ളതാണ് ഇപ്പോള്‍ സാധ്യമാവുന്ന വഴി.

രാജ്യത്ത് ലഭ്യമായ വംപിച്ച സംപത്ത് ഉപയോഗപ്പെടുത്തി വേണ്ടത്ര ഭക്ഷ്യ വസ്തുക്കള്‍ സംഭരിക്കാവുന്നതാണ്.

52.3ബില്ല്യണ്‍ ദിര്‍ഹത്തിനുള്ള ഭക്ഷ്യ വസ്തുക്കളാണ് 2007ല്‍ യു.എ.ഇ ഇറക്കുമതി ചെയതത്. എന്നാല്‍ 2011 ആവുംപോഴേക്കും ഇത് 60 ബില്ല്യ ദിര്‍ഹമാവാനാണ് സാധ്യത.

കാലാവസ്ഥാ വ്യതിയാനങ്ങള്‍ വിവിധ വിളകള്‍ക്ക് വന്‍നാശം വിതച്ചത് മൂലം പല രാജ്യങ്ങളും കയറ്‍റുമതി നിരോധിച്ചിരിക്കുകയാണ്. പ്രമുഖ അരി കയറ്‍റുമതിക്കാരായ ഇന്ത്യം പാകിസ്ഥാനും വിലക്കയറ്‍റവും, വിള നാശവും മൂലം കയറ്‍റുമതി നിറുത്തി വെച്ചു.

ജൈവ ഇന്ധനങ്ങളുടെ ഉല്‍പാദനത്തിനായി അമേരിക്കയെ പോലുള്ള രാജ്യങ്ങള്‍ ചോളവും, മറ്‍റു ഭക്ഷ്യ ധാന്യങ്ങളും, ഭക്ഷ്യ എണ്ണ വിളകളും വര്‍ധിച്ച തോതില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് ആഗോള തലത്തില്‍ ഭക്ഷ്യ ക്ഷാമത്തിന് കാരണമായതായി വിദഗ്ദര്‍ അഭിപ്രായപ്പെപ്പെട്ടിട്ടുണ്ട്. രാജ്യത്തെ വിപണിയില്‍ കാര്യമായി ഇടപെടാന്‍ ധനകാര്യമന്ത്രാലയത്തിനായിയിട്ടില്ല. കര്‍ശന നിയന്ത്രണങ്ങളും, പരിശോധനയും നടപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും, വില പിടിച്ചു നിറുത്താനായിട്ടില്ല.

യു.എ.ഇ.യിലെ പ്രധാന ചില്ലറ വ്യാപാര സ്ഥാപനങ്ങളുമായി ധനകാര്യ മന്ത്രാലയം ഉണ്ടാക്കിയ കരാറുകള്‍ കൊണ്ട് തെരഞ്ഞെടുത്ത ഉല്‍പന്നങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ വില നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമാണ്

No comments:

Visitors