Saturday, February 9, 2008

ആഗോള താപനത്തിന്‍റെ സ്വാധീനം; മധ്യപൌരസ്ത്യ മേഖലയില്‍ വന്‍ വരള്‍ച്ചക്ക് സാധ്യത.

അല്‍-ഐന്‍:കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ജലസ്രോതസ്സുകളെ കാര്യമായി ബാധിക്കുന്നതിനാല്‍ പ്രകൃതിയില്‍ ഇപ്പോഴുള്ള സ്വാഭാവിക ജലക്രമീകരണത്തിന് കാര്യമായ വ്യതിയാനം സംഭവിക്കുമെന്ന് ജല-കാലാവസ്ഥ ഗവേഷകര്‍ മുറിയിപ്പ് നല്‍കുന്നു.
ഇതിനനുസരിച്ച് ലോകത്ത് കുടിവെള്ള ശേഖരണത്തിലും, നീര്‍തടങ്ങള്‍ പരിരക്ഷിക്കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ പുനക്രമീകരിക്കണമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വ്വേയിലെ ജലശാസ്ത്രജ്ഞനായ ക്രിസ്റ്‍റഫര്‍ മില്ലി പറയുന്നു. ജലസംരക്ഷണത്തിനും ശേഖരണത്തിനും ഇപ്പോള്‍ ഉപയോഗിക്കുന്ന ഏകകങ്ങള്‍ പലതും ഭാവിയെ വ്യക്തമായി നിര്‍ണ്ണയിക്കാന്‍ ഉപയുക്തമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മനുഷ്യപ്രേരിതമായ കാലാവസ്ഥാവ്യതിയാനങ്ങള്‍, ആഗോളതാപനത്തിന് ആക്കം കൂട്ടുന്നുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ജല ഗവേഷണത്തില്‍ പരിഗണിക്കാന്‍ വിട്ടുപോവുന്നത് വെള്ളത്തിന്‍റെ ഉപയോഗത്തിലും സംരക്ഷണത്തിലും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതില്‍ ശാസ്ത്രഞ്ജര്‍ക്ക് പിഴവ് സംഭവിക്കാന്‍ ഇടയാകുന്നു.

എന്നാല്‍ ഇപ്പോള്‍ വിദഗ്ദര്‍ നടത്തിയ പഠനങ്ങളില്‍ ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ നീരോ'ത്തിന്‍റെയും നീര്‍ത്തടങ്ങളുടെയും അളവിലുണ്ടായ മാറ്‍റം കണ്ടെത്തിയത് , ജലക്ഷാമവും വരള്‍ച്ചയും പ്രവചിക്കാന്‍ സഹായകമാവും. ലോകത്ത് ജലസംപത്ത് സംരക്ഷിക്കാനായി നടത്തുന്ന ഗവേഷണങ്ങള്‍ക്കും, പ്രവര്‍ത്തനങ്ങള്‍ക്കും ചെലവിടുന്നത് 500 ബില്ല്യ ഡോളറാണ്. എന്നാല്‍ ഇതെല്ലാം, പഴകിയതും വ്യക്തമല്ലാത്തതുമായ അനുമാനങ്ങള്‍ക്കനുസരിച്ച് സ്ഥാപിക്കുന്ന പദ്ധതികള്‍ക്കായാണ് വിനിയോഗിക്കുന്നത്. അതിനാല്‍ ഇവ ഭാവി തലമുറക്ക് ഗുണം ചെയ്യുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പുതിയ പഠനങ്ങളനുസരിച്ച് യൂറോപ്പിന്‍റെയും ഏഷ്യയുടെയും വടക്കന്‍ ഭാഗങ്ങളിലും വടക്കേ അമേരിക്കയിലും മറ്‍റും 10 മുതല്‍ 40 ശതമാനം വരെ കൂടുതല്‍ നീരോട്ടത്തിന് സാധ്യത കാണുംപോള്‍, തെക്കന്‍ യൂറോപ്പിലും, മധ്യ പൌരസ്ത്യമേഖലയിലും 30 ശതമാനത്തോളം കുറവാണ് കണക്കാക്കുന്നത്. ഇതനുസരിച്ചായിരിക്കണം വരള്‍ച്ചയേയും, വെള്ളപ്പൊക്കത്തെയും മറ്‍റും നേരിടാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതും ജലസംഭരണികള്‍ ഒരുക്കേണ്ടതും.

സമുദ്രാതിര്‍ത്തികള്‍ വിസ്തൃതമാവുന്നത് കുടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കുന്നു. അതുപോലെ, മഞ്ഞുരുകുന്നത് മൂലം അധിക ജലം തല്‍കാലത്തേക്ക് ലഭ്യമാക്കുമെങ്കിലും, ഭാവിയിലേക്കുള്ള കരുതല്‍ ശേഖരത്തിന് വന്‍കുറവ് വരുത്തും.

മധ്യപൌരസ്ത്യമേഖലയിലാണ് ശാസ്ത്രജ്ഞര്‍ വരള്‍ച്ചയും ജലക്ഷാമവും പ്രവചിക്കുന്നത്. ആഗോളതാപനമാണ് മുഖ്യകാരണമായി പറയുന്നുവെങ്കിലും, അത് കുറക്കാനുള്ള ശ്രമങ്ങള്‍ പ്രത്യേകിച്ച് ഫലമൊന്നും ചെയ്യില്ല. . ഇത്തരം പദ്ധതികള്‍ കൊണ്ട് അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ക്രിസ്റ്‍റഫര്‍ മില്ലി "സിറാജി"ന് അയച്ച സന്ദേശത്തില്‍ പറയുന്നു. ഇതിന് വ്യക്തമായ പരിഹാര നിര്‍ദ്ദേശം നല്‍കാനാവില്ലെങ്കിലും, പ്രാദേശിക സാഹചര്യങ്ങളും, ജലസ്രോതസ്സുകളും പഠനവിധേയമാക്കി നടപടികള്‍ കൈക്കൊള്ളണം. ജലസംരക്ഷണം, കൃഷിയിടങ്ങളുടെ വ്യാപനം, ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള പുതിയമാര്‍ഗ്ഗങ്ങള്‍, പുതിയ ജല സംഭരണികള്‍, വെള്ളത്തിന്‍റെ ഉപയോഗത്തിനുള്ള നിയന്ത്രണങ്ങള്‍ എന്നിങ്ങനെയുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് വരള്‍ച്ചയെ നേരിടാന്‍ ശ്രമിക്കണമെന്ന് അദ്ദേഹത്തിന്‍റെ സന്ദേശത്തില്‍ പറയുന്നു.

No comments:

Visitors