Printed on 05-02-2008
സമദ് രണ്ടത്താണി
അല്‍-ഐന്‍: ഇറച്ചിക്കോഴികളുടെയും, മുട്ടയുടെയും ക്ഷാമം മൂലം കോഴി വ്യാപാരികള്‍ വന്‍ പ്രതിസന്ധി നേരിടുന്നു. നേരത്തെ, വ്യാപാരികള്‍ക്ക് നൂറിലധികം കാര്‍ട്ടണ്‍ ദിനേന വില്‍ക്കാന്‍ ലഭിച്ചിരുന്നപ്പോള്‍, ഇപ്പോ ഇരുപതില്‍ താഴെ മാത്രമേ ലഭിക്കുന്നുള്ളൂവെന്ന് വ്യാപാരികള്‍ പറയുന്നു. യു.എ.ഇ.യിലെ കോഴിവളര്‍ത്തുകേന്ദ്രങ്ങളില്‍ വിദേശത്ത് നിന്ന് മുട്ട ഇറക്കുമതി ചെയ്ത് വിരിയിച്ചാണ് ഇറച്ചിക്കോഴികളെ ഉല്‍പാദിപ്പിക്കുന്നത്. വിവിധ രാജ്യങ്ങള്‍ പക്ഷിപ്പനി ഭീഷണിയുടെ നിഴലിലായപ്പോള്‍, സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുക്കുന്നത്. അതിനാല്‍ തന്നെ, വിരിയിക്കാനുള്ള മുട്ടകളുടെ എണ്ണം തുലോം കുറവാണ്. ഇപ്പോള്‍ തന്നെ ആവശ്യത്തിന് ഇറച്ചിക്കോഴികളെ വില്‍പനക്കായി ലഭിക്കുന്നില്ല. ഇറച്ചിക്കോഴി ഫാമുകളിലെ മുട്ടകളുടെ കരുതല്‍ ശേഖരം കൂടി അവസാനിച്ചാല്‍, കോഴി ഉല്‍പാദനം തീരെ നിലയ്ക്കുകയും, ഇറച്ചിക്കോഴി വില്‍പന മാത്രം നടത്തുന്ന അനേകം ചെറുകിട കച്ചവടക്കാരെ അത് സാരമായി ബാധിക്കുകയും ചെയ്യും. വന്‍കിട ഫാമുകളില്‍ ഉല്‍പാദനം കുറഞ്ഞതിന് പുറമെ, പ്രാദേശിക കോഴി ഫാമുകള്‍ പലതും പൂട്ടിയതും ക്ഷാമം രൂക്ഷമാവാന്‍ കാരണമായി. അല്‍-ഐനിലെ, എമിറേറ്‍റ്സ് , അല്‍-ഖറിയ, ഹീലി, സല്‍വ, ഒയാസിസ് എന്നീ പൌള്‍ട്രിഫാമുകള്‍ അടുത്തകാലങ്ങളില്‍ അടച്ചുപൂട്ടുകയുണ്ടായി. എല്ലാ ദിവസവും ഇറച്ചിക്കോഴി വില്‍പനശാലകളുടെ മുന്‍പില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ പത്ത് മണിയോടെമിക്ക സ്ഥാപനങ്ങളിലും ഇറച്ചിക്കോഴികള്‍ വിറ്‍റുതീരുന്നു. ഇതിന് പുറമെ, ഇറച്ചിക്കോഴി ഉല്‍പാദകര്‍ പലപ്രാവശ്യമായി 30 ശതമാനത്തോളം വില വര്‍ദ്ധിപ്പിക്കുകയുണ്ടായി. എന്നാല്‍ അല്‍-ഐന്‍ നഗരസഭാധികൃതര്‍ ചില്ലറവില്‍പനക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന വില അപര്യാപ്തമാണെന്ന് വ്യാപാരികള്‍ പറയുന്നു.
സമദ് രണ്ടത്താണി

No comments:
Post a Comment