Wednesday, February 9, 2011

തേങ്ങലടങ്ങാതെ നാജിഹ്‌ കലാപ ഭൂമിയിലേക്ക്‌

അല്‍ ഐന്‍ : പ്രക്ഷോഭ മുഖരിതമായ ഈജിപ്തില്‍ അക്രമികളുടെ കൊള്ളയും കൊലപാതകങ്ങളും തുടരുന്നത്‌ പ്രവാസി ഈജിപ്തുകാരുടെ ഉറക്കം കെടുത്തുന്നു. ഉറ്റവരും ഉടയവരും അക്രമത്തിനിരയായതിണ്റ്റെ ആഘാതത്തില്‍ നാട്ടിലേക്ക്‌ തിരിക്കാന്‍ ശ്രമിക്കുകയാണ്‌ പലരും.
പ്രസിഡണ്ട്‌ ഹുസ്നി മുബാറക്കിനെതിരെ പ്രക്ഷോഭം നടത്തുന്നവരും മുബാറക്കനുകൂലികളും തമ്മില്‍ നടക്കുന്ന സംഘര്‍ഷം ഈജിപ്തില്‍ വ്യാപകമാവുകയാണ്‌.
അല്‍ ഐനിലെ പ്രമുഖ വ്യപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇരുപത്തെട്ടുകാരനായ നാജിഹ്‌ മുഹമ്മദ്‌, പിതാവ്‌ അക്രമിക്കപ്പെട്ടതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ നാട്ടിലേക്ക്‌ തിരിച്ചു. പിതാവ്‌ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന്‌ മാത്രമാണ്‌ നാജിഹിനെ ബന്ധുക്കള്‍ അറിയിച്ചിട്ടുള്ളത്‌.
ഈജിപ്തിലെ ബെത്താവൂദ്‌ ജില്ലയിലെ സൊഹാഗ്‌ ഗ്രാമത്തില്‍ താമസിക്കുന്ന നാജിഹിണ്റ്റെ വീട്ടിലേക്ക്‌ മാരകായുധങ്ങളുമായി കൊള്ള നടത്താനെത്തിയ അക്രമികള്‍ വൃദ്ധനായ പിതാവ്‌ അമീന്‍ മുഹമ്മദ്‌ (൭൫) നെ കൂത്തിപ്പ്സ്റ്റിക്കേല്‍പിക്കുകയായിരുന്നു.
പ്രക്ഷോഭം ആരംഭിച്ചതിനെ തുടര്‍ന്ന്‌ അരാജകത്വത്തിലായ ഈജിപ്തിലെ ജയിലുകള്‍ തകര്‍ത്ത്‌ രക്ഷപ്പെട്ടവരാണ്‌ അക്രമത്തിലേര്‍പ്പെടുന്നത്‌. അടുത്ത ജില്ലയിലെ ജയില്‍ നിന്ന്‌ രക്ഷപ്പെട്ടവര്‍ തണ്റ്റെ ഗ്രാമത്തിലെ വീടുകള്‍ കൊള്ള നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ നാജിഹ്‌ വീട്ടിലേക്ക്‌ വിളിച്ച്‌ അക്രമികളുമായി തര്‍ക്കത്തിലേര്‍പ്പെടരുതെന്നും പണവും വീട്ടുപകരണങ്ങളും കവരുന്നത്‌ തടഞ്ഞ്‌ ജീവന്‍ അപകടത്തിലാക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. തടയാന്‍ ശ്രമിച്ച തണ്റ്റെ അയല്‍ വാസികളില്‍ ചിലരെ അക്രമികള്‍ കൊലപ്പെടുത്തിയതായി നാജിഹ്‌ അറിഞ്ഞിരുന്നു.. എന്നാല്‍ തണ്റ്റെ സര്‍വ്വസ്വവും എടുത്തുകൊണ്ട്‌ പോവുന്നത്‌ നോക്കിനില്‍ക്കാന്‍ പിതാവിനായില്ല.
ആറ്‌ വര്‍ഷമായി അല്‍ ഐനില്‍ ജോലി ചെയ്യുന്ന നാജിഹ്‌ അവധി കഴിഞ്ഞ്‌ തിരിച്ചെത്തിയിട്ട്‌ ഒരു മാസമേ ആയിട്ടുള്ളു. സഹോദരിയും വൃദ്ധരായ മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിണ്റ്റെ ഏക അത്താണിയാണ്‌ നാജിഹ്‌ മുഹമ്മദ്‌.
റിപ്പോര്‍ട്ട്‌ : സ്വലാഹുദ്ധീന്‍ പൊന്‍മള

No comments:

Visitors