Friday, October 15, 2010

പഴം-പച്ചക്കറികള്‍ക്ക്‌ വില കുറയുന്നു

പഴം-പച്ചക്കറികളുടെ വിലക്കയറ്റത്തെ തുടര്‍ന്ന്‌ വാണിജ്യ മന്ത്രാലയം വിപണിയില്‍ നടത്തിയ ഇടപെടലുകള്‍ക്ക്‌ ഫലം കണ്ടു തുടങ്ങി. പച്ചക്കറികള്‍ക്ക്‌ കഴിഞ്ഞയാഴ്ചത്തേക്കാള്‍ ഇരുപത്‌ മുതല്‍ നാല്‍പത്‌ ശതമാനം വരെ വില കുറഞ്ഞതായി രാജ്യത്തെ പ്രധാന പച്ചക്കറി ചന്തകളിലെ വ്യാപാരികള്‍ പറയുന്നു. പഴ വര്‍ഗ്ഗങ്ങള്‍ക്ക്‌ 20 ശതമാനത്തോളം വിലക്കുറവ്‌ കാണുന്നുണ്ട്‌.
വാണിജ്യ മന്ത്രാലയത്തിണ്റ്റെ നിര്‍ദ്ദേശപ്രകാരം തുറമുഖങ്ങളിലെ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയതും വ്യാപാരികള്‍ വ്യത്യസ്ത രാഷ്ട്രങ്ങളില്‍ നിന്ന്‌ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതുമാണ്‌ വില കുറയാനിടയാക്കിയത്‌. കൂടാതെ അകാരണമായി വില വര്‍ധിപ്പിക്കുന്നതിനെതിരെ മൊത്ത വ്യാപാരികള്‍ക്ക്‌ വാണിജ്യ മന്ത്രാലയം കര്‍ശന മുന്നറിയിപ്പും നല്‍കിയിരുന്നു.
ജോര്‍ദാനില്‍ നിന്നുള്ള ഒമ്പത്‌ കിലോയുടെ തക്കാളിപ്പെട്ടിക്ക്‌ 42 ദിര്‍ഹമില്‍ നിന്ന്‌ 30 ദിര്‍ഹമായി കുറഞ്ഞു. കൂടാതെ ഇറാനില്‍ നിന്നും ഒമാനില്‍ നിന്നുമുള്ള തക്കാളികള്‍ വിപണിയില്‍ യഥാക്രമം 20 ദിര്‍ഹത്തിനും 35 ദിര്‍ഹത്തിനും ലഭ്യമാണ്‌.
ജോര്‍ദാന്‍, ഒമാന്‍, സിറിയ, ലെബനോണ്‍, ഇന്ത്യ, ഇറാന്‍ എന്നീ ആറ്‌ രാജ്യങ്ങളില്‍ നിന്നുള്ള തക്കാളികള്‍ വിപണിയില്‍ ലഭ്യമാണെന്ന്‌ അല്‍ ഐന്‍ പച്ചക്കറി ചന്തയിലെ വ്യാപാരി ഉസ്മാന്‍ തെന്നല പറയുന്നു. ഉരുളക്കിഴങ്ങിന്‌ 10 മുതല്‍ 16 ശതമാനം വരെ വില കുറഞ്ഞു. സഊദി അറേബ്യ, പാകിസ്ഥാന്‍, ലെബനോണ്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഉരുളക്കിഴങ്ങ്‌ വിപണിയില്‍ ലഭ്യമാണ്‌.
ഒരു മാസം മുമ്പ്‌ വരെ ജോര്‍ദാനില്‍ നിന്നുള്ള പച്ചക്കറികളാണ്‌ 80 ശതമാനവും വിപണി കയ്യടക്കിയിരുന്നത്‌.
കനത്ത ചൂടുമൂലം ഉല്‍പാദക രാഷ്ട്രങ്ങളിലും യു.എ.ഇ യിലെ കൃഷിയിടങ്ങളിലും വിളകള്‍ക്ക്‌ നാശം സംഭവിച്ചത്‌ വിപണിയില്‍ പച്ചക്കറികള്‍ക്ക്‌ ദൌര്‍ലഭ്യം ഉണ്ടായി. ഇതാണ്‌ വിലക്കയറ്റത്തിന്‌ കാരണമായതെന്ന്‌ വ്യാപാരികള്‍ പറഞ്ഞിരുന്നു. കൂടാതെ, പഴം പച്ചക്കറികള്‍ കീടനാശിനി മുക്തമാണെന്ന സാക്ഷ്യപത്രം ഇറക്കുമതിക്കാര്‍ ഹാജരാക്കണ മെന്ന യു.എ.ഇ ജല-പരിസ്ഥിതി മന്ത്രാലയത്തിണ്റ്റെ നിര്‍ദ്ദേശവും വില കൂടാന്‍ ഇടയാക്കിയെന്ന്‌ മൊത്ത വ്യാപാരികള്‍ അഭിപ്രായപ്പെട്ടിരുന്നു. പച്ചക്കറി കയറ്റുമതി ചെയ്യുന്ന പല രാഷ്ട്രങ്ങളിലും ഇത്തരം സമ്പ്രദായം നിലവില്ലാത്തത്‌ ഇറക്കുമതിക്കാര്‍ക്ക്‌ സാക്ഷ്യപത്രം ഹാജരാക്കുന്നതിന്‌ തടസ്സമായി.
എന്നാല്‍ അനാവശ്യമായ ഒരു കടുംപിടുത്തവും ഭക്ഷ്യ ഇറക്കുമതിയിലില്ലെന്ന്‌ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വാണിജ്യ മന്ത്രാലയം ഇടപെട്ട്‌ സാങ്കേതിക തടസ്സങ്ങള്‍ നീങ്ങുകയും ഉല്‍പന്നങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന്‌ ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്തു.

No comments:

Visitors