മസ്ദര്‍ പ്രകൃതി സൗഹൃദ നഗരം അനാവരണം ചെയ്തു.

അബൂദബി: പരിസ്ഥിതി സംഘടനയായ ഡബ്ളിയു ഡബ്ളിയു എഫ് , അബൂദാബി ഫ്യൂച്ചര്‍ എനര്‍ജി കംപനി (മസ്ദര്‍) യുമായി യോജിച്ച് ലോകത്തിലെ ആദ്യത്തെ ഭാവി ഊര്‍ജ്ജ സമ്മേളനം അബൂദാബി കിരീടാവകാശിയും, യു.എ.ഇ. ആംഡ് ഫോഴ്സ് ഡെപ്യൂട്ടി കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ ഉല്‍ഘാടനം ചെയതു. നാളെ സമാപിക്കുന്ന സമ്മേളനത്തില്‍ വിദഗ്ദരാണ് സംബന്ധിക്കുന്നത്.
ഊര്‍ജ്ജ സംരക്ഷണം, സുരക്ഷിതമായ ഊര്‍ജ്ജം, പ്രകൃതിക്കിണങ്ങുന്നതും മനുഷ്യനന്‍മക്കുതകുന്ന വിധത്തിലുമുള്ള ഊര്‍ജ്ജത്തിന്‍റെ ഉല്‍പാദനം എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യുന്നുണ്ട്.
അബൂദാബിയില്‍ 15 ബില്ല്യണ്‍ ഡോളറിന്‍റെ പ്രകൃതി സൌഹൃദ ഊര്‍ജ്ജ പദ്ധതി നടപ്പിലാക്കുമെന്ന് സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിച്ച ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ വ്യക്തമാക്കി.
അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് വിദ്യഭ്യാസ-വ്യാപാര വികസന സാധ്യതകള്‍ വിശദമാക്കുന്ന പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
ലോകത്ത് എണ്ണ ഉല്‍പാദനത്തില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന അബൂദാബി, പ്രകൃതി സൌഹൃദ ഇന്ധനങ്ങളുടെ ഉല്‍പാദനവും വ്യാപനവും ലക്ഷ്യമാക്കിയുള്ള ലോക ഊര്‍ജ്ജ സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത് പ്രതീക്ഷയോടെയാണ് നിരീക്ഷകര്‍ വീക്ഷിക്കുന്നത്. ബാലിയില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സമ്മേളനത്തിന് ശേഷം, ഇത്തരത്തില്‍ ലോകത്ത് നടക്കുന്ന ആദ്യ സമ്മേളനമാണിത്. വിവിധ രാഷ്ട്രത്തലവന്‍മാര്‍ ഊര്‍ജ്ജ മന്ത്രിമാര്‍, സെക്രട്ടറിമാര്‍, ഊര്‍ജ്ജരംഗത്തെ വിദഗ്ദന്‍മാര്‍ തുടങ്ങിയവരടങ്ങിയ 78 ഓളം പ്രഭാഷകര്‍ ഈ സമ്മേളനത്തില്‍ സംസാരിക്കുന്നുണ്ട്. ഇതിനു പുറമെ, പ്രകൃതി സൌഹൃദ ഇന്ധനങ്ങളുടെ ഉല്‍പാദനത്തിലും, ഗവേഷണത്തിലും ഏര്‍പ്പെട്ടിരുക്കുന്ന 180 ലധികം സ്ഥാപനങ്ങളാണ് സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.
ഊര്‍ജ്ജ രംഗത്തെ പ്രശ്നങ്ങളോടൊപ്പം, പ്രകൃതിക്ക് കോട്ടം തട്ടാത്തവിധമുള്ള കെട്ടിടനിര്‍മ്മാണവും, പരിസരം കാര്‍ബണ്‍ മുക്തമാക്കല്‍, മാലിന്യങ്ങള്‍ ഇന്ധനമാക്കി മാറ്‍റുക, സൌരോര്‍ജ്ജം, തിരമാലകളില്‍ നിന്നും, കാറ്‍റില്‍ നിന്നുമുള്ള ഊര്‍ജ്ജോല്‍പാദനം, മാലിന്യമുക്ത ഗതാഗതം, ജൈവ ഇന്ധനങ്ങള്‍ തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
പ്രകൃതി സൌഹൃദ നഗരമായ മസ്ദര്‍ സിറ്‍റിയുടെ സങ്കേതവും വിവരണങ്ങളും ഇന്നലെ മസ്ദറിന്‍റെ സി.ഇ.ഓ. ഡോ. സുല്‍ത്താന്‍ അഹമദ് അല്‍ ജാബര്‍ സമ്മേളനത്തില്‍ അനാവരണം ചെയ്തു. WWF ന്‍റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ലോകത്തിലെ ആദ്യത്തെ നഗരമായിരുക്കും അബൂദാബിയിലെ മസ്ദര്‍ സിറ്‍റി.
ഫെബ്രുവരിയില്‍ പണിയാരംഭിക്കുന്ന മസ്ദര്‍ നഗരം പൂര്‍ണ്ണമായും പ്രകൃതിക്കിണങ്ങുന്ന വിധത്തിലാണ് സംവിധാനിച്ചിരുക്കുന്നത്. അടുത്ത വര്‍ഷം ചൈനയില്‍ നടക്കുന്ന ഒളിംപിക്സിനുവേണ്ടി ബൈജിംഗില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്‍റവും വലിയ വിമാനത്താവളത്തിന്‍റെ ശില്‍പി പ്രശസ്ത ആര്‍ക്കിടെക്ട്, ലോര്‍ഡ് ഫോസ്റ്‍റര്‍ ആണ് മസ്ദര്‍ നഗരം രൂപകല്‍പനചെയ്യുന്നത്. അബൂദാബി അന്താരാഷ്ട്ര വിമാനാത്തവളത്തിനടുത്ത് ആറ് ചതുരശ്ര കിലോമീറ്‍റര്‍ വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന നഗരത്തില്‍ ഫോട്ടോവോള്‍റ്‍റൈക് പാനലുകള്‍ ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പാദനം. സൌരോര്‍ജ്ജം കൊണ്ടു പ്രവര്‍ത്തിക്കുന്ന കൂളിംഗ് സംവിധാനവും, ജല ശുദ്ധീകരണവും ഉണ്ടാകും. നഗരത്തില്‍ ഉണ്ടാകുന്ന മലിന ജലം, ശുദ്ധീകരിച്ച് കൃഷിക്ക് ഉപയോഗിക്കാനുള്ള സംവിധാനവും, വിവിധ നാണ്യവിളകള്‍ നഗരത്തില്‍ തന്നെ കൃഷി ചെയ്യാനും പദ്ധതിയുണ്ട്.
പൊതുഗതാഗതം വ്യാപകമാക്കാനും, സ്വകാര്യവാഹനങ്ങള്‍ കുറച്ച്, കാര്‍ബണിന്‍റെ വ്യാപനം തടയാനുള്ള ശ്രമങ്ങള്‍ നടത്തും. ഓര്‍ഗാനിക് പച്ചക്കറികളും, മറ്‍റു ഭക്ഷ്യ ഉല്‍പന്നങ്ങളും മാത്രമായിരുക്കും നഗരത്തിലെ വില്‍പനശാലകളില്‍ ലഭ്യമാവുക. വെള്ളത്തിന്‍റ്‍റെ ഉപയോഗം, ദേശീയ ശരാശരിയേക്കാള്‍ 50 ശതമാനത്തോളം കുറക്കും. മലിനജലം ശുദ്ധീകരിച്ച് ഉപയോഗയോഗ്യമാക്കും. നഗരത്തിലുള്ള എല്ലാതരത്തിലുള്ള ജീവജാലങ്ങളെ സംരക്ഷിക്കാനും, പ്രാദേശിക സംസ്കാരങ്ങളെയും പാരംപര്യത്തെയും നിലനിര്‍ത്താനുമുള്ള പരിപാടികളുണ്ട്. തൊഴിലാളികള്‍ക്ക് നല്ല തൊഴില്‍ സാഹചര്യവും, മെച്ചപ്പെട്ട വേതനവും നല്‍കും.
അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷിന്‍റെ യു.എ.ഇ സന്ദര്‍ശനത്തോടനുബന്ധിച്ച് മസ്ദര്‍ സിറ്‍റിയെക്കുറിച്ചും അതിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍റെ സാന്നിധ്യത്തില്‍ സി.ഇ.ഓ ഡോ. സുല്‍ത്താന്‍ അല്‍ ജാബര്‍ വിവരിച്ചു കൊടുക്കുകയുണ്ടായി. പ്രസിഡണ്ട് ബുഷ് വളരെ താല്‍പര്യത്തോടെയാണ് പദ്ധതിയെക്കുറിച്ച് കേട്ടതെന്ന് അല്‍ ജാബര്‍ പറഞ്ഞു.
സ്വയം പര്യാപ്തവും, മാലിന്യമുക്തവും, പ്രകൃതിക്കിണങ്ങുന്നതുമായ ആദ്യ നഗരം നിര്‍മ്മിക്കുക എന്ന സാഹസത്തിന് അബൂദാബിക്ക് വെല്ലുവിളിയായി ചൈനയിലെ ഡോങ്ങ്ട നഗരവുമുണ്ട്. എന്നാല്‍ അബൂദാബിക്കായിരുക്കും ഈ പദവി ലഭിക്കുക എന്ന് നിരീക്ഷകര്‍ കരുതുന്നു.
1 comment:
വിവരങ്ങള്‍ക്ക് നന്ദി...
Post a Comment